ഒരു സ്വാതന്ത്ര്യ ദിന ചിന്തകള്‍

Image

നാളെ ഇന്ത്യയുടെ 66 -ആമത് സ്വാതന്ത്ര്യ ദിനം ആണ്. എല്ലാരും സമ്മതിച്ചോ? ഞാന്‍ അങ്ങനെ പറഞ്ഞു എന്ന് വെച്ചു അങ്ങനെ ആവണം എന്നൊന്നും ഇല്ല. നിങ്ങള്‍ ചിന്തിക്കൂ. എന്നിട്ട് സ്വയം ഒരു തീരുമാനത്തിലെത്തൂ. ആ ചിന്തയിലേക്ക് എന്‍റെ ചില സംഭാവനകള്‍ ഇതാ..

1. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്ന് നമ്മളില്‍ പലരും സ്വല്‍പ്പം അഹങ്കാരത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. എല്ലാ അഞ്ച് വര്ഷം കൂടുമ്പോഴും നമ്മള്‍ ഓരോ സര്‍ക്കാരുകളെ കേന്ദ്രത്തിലേക്കും സംസ്ഥാന തലസ്ഥാനങ്ങളിലേക്കും അയക്കുന്നു. എന്നാല്‍ ഈ സര്‍ക്കാരുകള്‍ എത്രത്തോളം ജനാധിപത്യപരമാണ്? 2009 ഇല്‍ നടന്ന തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിലെ ജനസംഖ്യ നൂറു കോടിയില്‍ അധികമായിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പെട്ടവര്‍ 71 കോടി മാത്രം. അതില്‍ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചവര്‍ 41 കോടി ജനങ്ങള്‍.,.ഈ 41 കോടിയില്‍ 11 കോടി ജനങ്ങളുടെ വോട്ട് ആണ് വിജയികളായ യു.പി.എ ക്ക് ലഭിച്ചത്. അതായത് നൂറു കോടി ജനങ്ങളുടെ രാജ്യത്തില്‍ വെറും 11 കോടി ജനങ്ങളുടെ വോട്ട് കിട്ടിയവര്‍ ഭരിക്കുന്നു. മഹത്തരം ഈ ജനാധിപത്യം.

2. ശരി. എന്തൊക്കെ ആയാലും നമ്മളില്‍ കുറച്ചു പേരെങ്കിലും തിരഞ്ഞെടുത്ത സര്‍ക്കാരല്ലേ, ഇതും ജനാധിപത്യമല്ലെ? സമ്മതിക്കുന്നു. ഇനി ഈ ജനാധിപത്യത്തില്‍ നമുക്ക് എത്രത്തോളം ആധിപത്യം ഉണ്ടെന്ന് പരിശോധിക്കാം. നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ സ്കൂളിലെ ഒരു ടീച്ചര്‍ കുട്ടികളെ വേണ്ട വിധത്തില്‍ പഠിപ്പിക്കുന്നില്ല, സമയത്ത് സ്കൂളില്‍ എത്തുന്നില്ല എന്നിരിക്കട്ടെ. നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ? നമ്മള്‍ ആശ്രയിക്കുന്ന റേഷന്‍കടയിലെ വ്യാപാരി ന്യായമായും നമുക്ക് ലഭിക്കേണ്ട സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നു എന്നിരിക്കട്ടെ. നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ? പരാതി കൊടുത്താല്‍ നടപടി ഉണ്ടാകുമെന്ന് ഉറപ്പിക്കാന്‍ ആകുമോ? സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് എനിക്ക് പല ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ പലതവണ നീതി നിഷേധിക്കപ്പെട്ടിട്ടുണ്ട്‌.,. അവരുടെ “ട്രേഡ് യൂണിയന്‍ അഹങ്കാര”ത്തിന്റെ മുന്‍പില്‍ എന്റെ പ്രധിഷേധം തട്ടി തകര്‍ന്നു പോയിട്ടുണ്ട്.
നാമെല്ലാവരും നികുതി കൊടുക്കുന്നവരാണ്‌.,. ഇന്ത്യയിലെ ദരിദ്രരായ കുടുംബങ്ങള്‍ പോലും പ്രതിവര്‍ഷം 3600 രൂപ നികുതി ഇനത്തില്‍ രാജ്യത്തിന് നല്‍കുന്നതായി കണക്കാക്കുന്നു. ഈ പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓരോരുത്തരും മാസാമാസം എണ്ണിവാങ്ങുന്നത് നമ്മളെല്ലാം കൊടുക്കുന്ന ഈ നികുതി പണത്തിലെ ഒരു വിഹിതമാണ്. ഈ പറഞ്ഞ ഉദ്യോഗസ്ഥരും നേതാക്കളും എല്ലാം യഥാര്‍ത്ഥത്തില്‍ നമ്മുടെ വേലക്കാര്‍ തന്നെ. പക്ഷെ അവര്‍ നമ്മോടു പെരുമാറുന്ന രീതിയോ? ഏറ്റവും മോശപ്പെട്ടതും. ഞാനും ഈ ഇന്ത്യന്‍ ജനതയില്‍ അംഗമല്ലേ? ഇത്തരം ദുരനുഭവങ്ങള്‍ക്കു ശേഷവും ഇവിടെ ജനാധിപത്യം കളിയാടുന്നു എന്ന് ഞാന്‍ വിശ്വസിക്കണോ? നിങ്ങള്‍ പറയൂ..

3. ഓരോ വര്‍ഷവും ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ പലഇനതിലായി ചിലവഴിക്കുന്നു. എന്നാല്‍ ജനഹിതപ്രകാരമാണോ ഈ പണമെല്ലാം വിനിയോഗിക്കുന്നത്?
കോമണ്‍വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയില്‍ നടന്നപ്പോള്‍ യാതൊരു കേടും ഇല്ലാത്ത റോഡുകള്‍ കൂടി പൊളിച്ച് വീണ്ടും പണിതു. അനേകം കോടി രൂപ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ കീശയിലായി. 70,000 കോടി രൂപ ആയിരുന്നു ഗെയിംസിന് ചിലവഴിച്ച മൊത്തം തുക. ഇതില്‍ MCD ബില്‍ഡിങ്ങിന്റെ മുകളില്‍ രാഷ്ട്രീയകാര്‍ക്ക് പറന്നിറങ്ങാന്‍ ഹെലിപ്പാഡ് നിര്‍മിക്കാന്‍ ചിലവഴിച്ച കൊടികളും ഉള്‍പ്പെടുന്നു. എന്നാല്‍ അതെ സമയം അതേ MCD ബില്‍ഡിങ്ങില്‍ ഉള്ള കരാര്‍ ജോലിക്കാരായ പാവം തൂപ്പുജോലിക്കാര്‍ക്ക് അഞ്ചുവര്‍ഷങ്ങളായി കൂലി കൊടുത്തിട്ടുണ്ടായിരുന്നില്ല.
ഉത്തര്‍പ്രദേശില്‍ 1000 കോടി രൂപ ചിലവഴിച്ച് കഴിഞ്ഞ മായാവതി സര്‍ക്കാര്‍ ഒരു പാര്‍ക്ക് നിര്‍മ്മിക്കുകയുണ്ടായി. സമൂഹത്തിലെ അധസ്ഥിതരായ ജനങ്ങളുടെ അഭിമാനത്തിന്റെ പ്രതീകമാണ് ഈ പാര്‍ക്ക് എന്നും അവിടെ എഴുതിവെച്ചിരിക്കുന്നു. എത്രയോ ദളിത്‌ വംശജര്‍ പട്ടിണി കൊണ്ട് പൊറുതി മുട്ടുന്ന, നല്ല ഒരു സ്കൂള്‍ പോലുമില്ലാത്ത നൂറു കണക്കിന് ഗ്രാമങ്ങളുള്ള ഉത്തര പ്രദേശില്‍ പാവങ്ങളുടെ പേരുപറഞ്ഞുള്ള ധൂര്‍ത്ത്.
ദല്‍ഹിയിലെ ഒരു ചേരിയിലെ ജനങ്ങള്‍ കാലങ്ങളായി കൊര്‍പ്പരെഷനോട് ആവശ്യപ്പെടുന്ന ഒരു കാര്യമായിരുന്നു ശുദ്ധ ജലത്തിന്റെ വിതരണം. എന്നാല്‍ കോര്‍പ്പറേഷന്‍ നല്‍കിയത് എന്താണെന്ന് അറിയാമോ? ഒരു വാട്ടര്‍ ഫൌണ്ടന്‍!!!,!!! കുടിക്കാന്‍ വെള്ളം ഇല്ലാത്ത ജനങ്ങള്‍ക്ക്‌ ഇത്തരത്തിലുള്ള നിര്‍മ്മിതി സമ്മാനിച്ച സര്‍ക്കാര്‍ ഇന്ത്യയിലല്ലാതെ ഉണ്ടാവുമോ എന്നറിയില്ല.

5. വികസനത്തിന്റെ പേര് പറഞ്ഞു പാവപ്പെട്ട ജനങ്ങളുടെ കയ്യില്‍ നിന്നും ഭൂമി തട്ടിയെടുത്ത കഥകള്‍ അനവധി. ഇതെല്ലാം ചെയ്യുന്നത് വിദേശികളും സ്വദേശികളും ആയ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് വേണ്ടിയാണ്. കൃഷിക്കും കൃഷിക്കാരന്റെ കണ്ണീരിനും യാതൊരു പരിഗണനയും ഇല്ല. എല്ലാ പ്രാമുഖ്യവും കാറും കമ്പ്യൂട്ടറും നിര്‍മ്മിക്കുന്ന കുത്തക കമ്പനികള്‍ക്ക്. ജനിച്ച മണ്ണില്‍ ജീവിക്കാന്‍ വേണ്ടി ഇന്ത്യയിലെ ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളുടെ കഥ പത്രങ്ങള്‍ നിരവധി തവണ എന്റെ കൂട്ടുകാര്‍ക്ക് മുന്‍പില്‍ എത്തിച്ചിട്ടുള്ളവയാണ്. ഒറീസയിലും ചത്തീസ്ഗട്ടിലും ജാര്‍ഖണ്ടിലും മറ്റും ഇന്ത്യയുടെ ധാതുസമ്പത്ത് കൊള്ളയടിക്കാന്‍ വേദാന്തയെപ്പോലെയുള്ള ഭീകരന്മാര്‍ തക്കം പാര്‍ത്തു നടക്കുന്നു. ഇനി ഈ മൈനിംഗ് ഒന്നും ഇല്ലാത്ത കേരളത്തില്‍ പോലും പാവപ്പെട്ട ജനങ്ങളുടെ നേരെയുള്ള ചൂഷണങ്ങളുടെ കഥകള്‍ നിരവധി. ഒരുകാലത്ത് അവിടെ ഉണ്ടായിരുന്ന ഭൂമിയുടെ മുഴുവന്‍ അവകാശം ഉണ്ടായിരുന്നിട്ടും ഇന്ന് ഒരു തുണ്ട് ഭൂമി പോലും ഇല്ലാതെ ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥികള്‍ ആയി കഴിയുന്ന ആദിമനിവാസികളുടെ അട്ടപ്പാടി, നീറ്റ ജലാറ്റിന്‍ എന്നാ കമ്പനി ഒഴുക്കുന്ന വിഷമാലിന്യങ്ങള്‍ കാരണം ദുരിതം അനുഭവിക്കുന്ന കാതികൂടത്തെ ജനത, പ്ലാന്റെഷന്‍ കോര്‍പ്പരേഷന്‍റെ കച്ചവട താല്‍പ്പര്യം മൂലം കൊടും വിഷമായ എന്‍ഡോസള്‍ഫാന്‍ ശരീരത്തില്‍ പേറേണ്ടിവന്ന കാസര്‍കോട്ടെ ജനസമൂഹം.. “സ്വാതന്ത്ര്യം” ലഭിച്ച ഇന്ത്യന്‍ ജനതയുടെ കഥ ഇവിടെ ഒന്നും തീരില്ല. അത് തീരണമെങ്കില്‍ വിവേകാനന്ദന്‍റെ ജനങ്ങള്‍ക്ക്‌ അദ്ദേഹം പറഞ്ഞ “ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധത” എന്നതിന്റെ അര്‍ത്ഥം മനസ്സിലാകണം.. അല്ലെങ്കില്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ബോംബ്‌ എറിഞ്ഞുകൊണ്ട് ഭഗത്സിംഗ് വിളിച്ച ഇങ്ക്വിലാബ് സിന്ദാബാദ്‌ ന്‍റെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ കഴിയണം.. ശ്രീനാരായണഗുരുദേവന്റെ നാട്ടുകാരെന്നു അഭിമാനത്തോടെ പറയുന്ന നമ്മള്‍ അദ്ദേഹം പറഞ്ഞ ആശയങ്ങള്‍ എന്തെന്ന് കൂടെ മനസ്സിലാക്കാന്‍ ശ്രമിക്കണം, കൂടെ നമ്മില്‍ വര്‍ഗീയ ചേരിതിരിവ്‌ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെയും മത മൌലിക വാദികളെയും തെരുവില്‍ വിചാരണ ചെയ്യണം.. ഇത് തീരില്ല.. ഇവിടെ നിര്‍ത്തുകയാണ് നല്ലത്.. സ്വാതന്ത്ര്യത്തില്‍ “അഭിമാനിക്കുന്ന” ഒരു ജനതയോട് ഇത്രയെങ്കിലും പറയാതെ വയ്യ.

പ്രിയ കൂട്ടുകാരെ.. ഇത് നമ്മുടെ ഇന്ത്യ അല്ല. ഇത് ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യം അല്ല. ഭഗത് സിംഗ് പൊരുതിയത് ഇതിനു വേണ്ടി ആയിരുന്നില്ല. ഇത് റോബര്‍ട്ട് വധെരമാരുടെ ഇന്ത്യ ആണ്. അംബാനിമാരുടെയും ടാറ്റമാരുടെയും ഇന്ത്യ ആണ്, അഴിമതിക്കാരുടെ ഇന്ത്യ ആണ്. എന്നാല്‍ ഇന്ത്യക്ക് ഒരു മോചനം ഇല്ലേ? ഉണ്ട്.. അത് നമ്മുടെ കയ്യിലാണ്.. സമയം ഒട്ടും വൈകിയിട്ടില്ല.. വരൂ.. നമുക്ക് സ്വരാജിനായി പോരാടാം.. യഥാര്‍ത്ഥ ജനാധിപത്യത്തിനായി പോരാടാം..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s