ഇത് ഉടക്കേണ്ട വിഗ്രഹങ്ങള്‍ തന്നെ -മനു ജോ സഫ് (എഡിറ്റര്‍ , ഓപണ്‍ മാഗസിന്‍ )

ഇത് ഉടക്കേണ്ട വിഗ്രഹങ്ങള്‍ തന്നെ
മനു ജോസഫ് (എഡിറ്റര്‍ , ഓപണ്‍ മാഗസിന്‍ )

സമാന്തര ഭരണകൂടത്തേക്കാള്‍ ശക്തമായ ഇന്നത്തെ വന്‍കിട കോര്‍പറേറ്റുകളെ തെടാന്‍ ആര്‍ക്കും ധൈര്യമില്ല. കോര്‍പറേറ്റുകളുടെ ശരിയായ നിയന്ത്രണത്തിലാണ് പല മാധ്യമങ്ങളും. പരസ്യങ്ങള്‍ നല്‍കുന്ന അവരെ ഒരു നിലക്കും സ്‌പര്‍ശിക്കരുതെന്ന് എഡിറ്റര്‍മാരും മുതലാളിമാരും തീരുമാനിച്ചിരിക്കുന്നു.
പക്ഷേ, ഞങ്ങള്‍ മറ്റൊരു വഴി തെരഞ്ഞെടുക്കുകയാണ്. പണംകൊടുത്തു വാങ്ങുന്ന ഉപയോക്താവിന് ഏറ്റവും നല്ല ജേണലിസം പകരം നല്‍കാനുള്ള ശ്രമം. അതില്‍ എത്ര കണ്ട് മുന്നോട്ടുപോകാന്‍ കഴിയും? അറിയില്ല. എങ്കിലും ഞങ്ങള്‍ തളരില്ല.

സ്‌പെക്ട്രം ഇടപാടിന്റെ ഉള്ളറകള്‍ പുറത്തുവരുമ്പോള്‍ നമ്മുടെ സംവിധാനങ്ങളുടെ ആപത്കരമായ തകര്‍ച്ച തന്നെയാണ് അനാവരണം ചെയ്യപ്പെടുന്നത്. ഒരു മറയും ഇല്ലാതെ കാര്യങ്ങള്‍ മാറുകയാണ്. മാധ്യമ മേഖലക്ക് സംഭവിച്ച കളങ്കം എത്ര വലുതാണെന്നു കൂടി നാം ഇപ്പോള്‍ തിരിച്ചറിയുന്നു. അധികാരകേന്ദ്രങ്ങളില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ കാര്യങ്ങള്‍ എത്ര ലളിതമായും സുഗമമായുമാണ് നടത്തുന്നതെന്നും തെളിയുന്നു.
നീരാ റാഡിയ എന്ന ഒരു കോര്‍പറേറ്റ് പി.ആര്‍ ഏജന്റ് നേടിയെടുത്ത സ്വാധീനത്തിന്റെ വൈപുല്യം എന്തെന്നറിയാന്‍ അവര്‍ നടത്തിയ ടെലിഫോണ്‍സംഭാഷണത്തില്‍ കുറച്ചു മാത്രം കേട്ടാല്‍ മതി. ഞാന്‍ ശരിക്കും സ്തബ്ധനായി. ഒരു കാര്യം സമ്മതിച്ചു കൊടുക്കാതെ തരമില്ല. നീരാ റാഡിയ താന്‍ ഏറ്റെടുത്ത ദൗത്യം തികച്ചും ഭംഗിയായും മികച്ച രീതിയിലും നടപ്പാക്കുകയുണ്ടായി. അധികാരത്തിലും പുറത്തും വന്‍ സ്വാധീനമുള്ള ആളുകളുമായി എത്ര അനൗപചാരികമായാണ് അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നതെന്ന് കേട്ടു നോക്കൂ. ഇപ്പോള്‍ വന്നതിനേക്കാള്‍ കൂടുതല്‍ ടെലിഫോണ്‍ സംഭാഷണരേഖകള്‍ അധികൃതരുടെ പക്കലുണ്ട്.
തുറന്നു പറയട്ടെ. ‘ഓപണ്‍’ മാഗസിനിലൂടെ ആ ടെലിഫോണ്‍ സംഭാഷണ രേഖകള്‍ ജനങ്ങളില്‍ എത്തണം എന്നത് ഞങ്ങളുടെ ദൃഢനിശ്ചയം തന്നെയായിരുന്നു. ആത്മാര്‍ഥമായി ഒരു സാമൂഹികധര്‍മം നിര്‍വഹിക്കുന്ന ഗൗരവത്തില്‍തന്നെയാണ് എന്റെ മാഗസിന്‍ ഇതിനെ നോക്കിക്കണ്ടത്. സ്വന്തം വര്‍ഗത്തെ കുറിക്കുന്ന പ്രതിലോമ വാര്‍ത്തകള്‍ അപ്പടി തമസ്‌കരിക്കുകയാണല്ലോ ഇന്ത്യന്‍മാധ്യമങ്ങള്‍ പൊതുവെ പിന്തുടരുന്ന രീതി.
മാഗസിന്‍ പുറത്തിറങ്ങിയപ്പോഴാണ് പൊതുസമൂഹം ഇക്കാര്യങ്ങളില്‍ പ്രകടിപ്പിക്കുന്ന താല്‍പര്യം എത്ര ശക്തമാണെന്ന് ഞങ്ങള്‍ക്കുതന്നെ അനുഭവപ്പെട്ടത്. ദശലക്ഷക്കണക്കിന് വായനക്കാരാണ് മാഗസിന്‍ നല്‍കിയ വിവരങ്ങളിലൂടെ കടന്നു പോയത്. ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചവരുടെ എണ്ണം അമ്പരപ്പിക്കുന്നതായിരുന്നു. ഇ-മെയിലുകളിലൂടെയും ട്വിറ്ററുകളിലൂടയും മറ്റും ഞങ്ങള്‍ പുറത്തുവിട്ട സംഭാഷണ രേഖകളുടെ മഹാപ്രവാഹം തന്നെയുണ്ടായി. ബദല്‍ മാധ്യമലോകം എത്ര ശക്തമാണെന്ന് ഞങ്ങള്‍ക്ക് ലഭിച്ച ഈ എണ്ണമറ്റ പ്രതികരണങ്ങളില്‍ നിന്ന് നിസ്സംശയം തെളിയുന്നു.
മുകേഷ് അംബാനിക്കും രത്തന്‍ ടാറ്റക്കും വേണ്ടി നീരാ റാഡിയ എന്ന ഇടനിലക്കാരി കൂട്ടുപിടിച്ചത് രാജ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയായിരുന്നു എന്നതാണ് എന്നില്‍ അദ്ഭുതവും അസ്വാസ്ഥ്യവും ഉണ്ടാക്കുന്നത്. ‘ഹിന്ദുസ്ഥാന്‍ ടൈംസി’ന്റെ വീര്‍ സാങ്‌വി, എന്‍.ഡി.ടി.വിയുടെ ബര്‍ഖ ദത്ത് എന്നിവരാണ് പ്രമുഖര്‍. ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ള സന്ദേശങ്ങള്‍ കൈമാറാന്‍ ഈ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ കോര്‍പറേറ്റുകളും ഇടനിലക്കാരും എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് ടേപ്പുകള്‍. യു.പി.എ മന്ത്രിസഭയില്‍ പ്രധാനവകുപ്പിന്റെ നിയന്ത്രണം കൈയടക്കാന്‍ ഡി.എം.കെ നടത്തുന്ന നീക്കങ്ങള്‍ക്കും ഈ മാധ്യമപ്രവര്‍ത്തകരാണ് ഇടനിലക്കാരായി നില്‍ക്കുന്നത്.
ആലോചിച്ചുറച്ചു തന്നെയാണ് ഈ ടേപ്പ് പുറത്തു വിടാന്‍ ‘ഓപണ്‍’ മാഗസിന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന ചരിത്രത്തില്‍ ഇതുവരെ നടക്കാത്ത ഒരു വഴിയാണ് വെട്ടുന്നതെന്ന ബോധ്യം ശരിക്കും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. സാമ്പ്രദായിക മാധ്യമരീതിക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല അത്. മുഖ്യധാരാ മാധ്യമങ്ങളില്‍ ആരും തന്നെ ഇതേക്കുറിച്ച് ഒന്നും പറയാന്‍ തയാറായില്ല. രാഷ്ട്രീയക്കാരന്റെ ലൈംഗിക ജീവിതം വാര്‍ത്തയാക്കി മാറ്റരുതെന്ന് ജേണലിസംക്ലാസില്‍ പൊതുവെ പറയാറുണ്ട്. അലിഖിത നിയമമായി എല്ലാവരും അതിനെ കാണുകയും ചെയ്യുന്നു. എന്നാല്‍ എന്‍.ഡി. തിവാരിയുടെ കാമകേളികള്‍ പുറത്തു വന്നതോടെ ആ അലിഖിതചട്ടവും തകര്‍ന്നു. ഈ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന അവസാന പെരുമാറ്റ ചട്ടം കൂടി പൊളിച്ചെഴുതണമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
തുറന്നു പറയട്ടെ, സ്വന്തം വര്‍ഗത്തിന്റെ ചെയ്തികള്‍ മൂടിവെക്കണമെന്ന വാദത്തോട് മാധ്യമപ്രവര്‍ത്തനത്തെ ഗൗരവത്തില്‍ കാണുന്ന ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അതില്‍ എന്തെങ്കിലും പവിത്രതയുണ്ടെന്ന വാദവും ഞങ്ങള്‍ക്കില്ല. മാധ്യമ പ്രവര്‍ത്തനത്തെ ചില നിഷ്ഠകളിലേക്കും ദിശയിലേക്കും കൊണ്ടു വരണമെങ്കില്‍ ഈ വാര്‍ത്ത പുറം ലോകം അറിയണമെന്ന് എഡിറ്റര്‍ എന്ന നിലയില്‍ ഞാന്‍ തീരുമാനിച്ചു. ഞങ്ങളില്‍പെട്ട ചിലര്‍ പോലും അതില്‍ സന്തുഷ്ടരായിരുന്നില്ല. ഇന്ത്യയിലും പുറത്തും അറിയപ്പെടുന്ന രണ്ട് മാധ്യമ വിഗ്രഹങ്ങളുടെ ദയനീയ തകര്‍ച്ച യഥാര്‍ഥത്തില്‍ ആരും ആഗ്രഹിക്കുന്ന ഒന്നല്ല. ഞാന്‍ പോലും ഒരു വേള ധര്‍മസങ്കടത്തിലായി. ഇരുപത് വയസ്സുള്ളപ്പോള്‍ നിറഞ്ഞ ആരാധനയോടെയാണ് ഞാന്‍ വീര്‍ സാങ്‌വിയുമായി അഭിമുഖം നടത്തിയത്. ഉള്ളില്‍ വല്ലാത്ത അഭിമാനമായിരുന്നു അന്ന്. നിരന്തരം ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെടുന്ന ബര്‍ഖ ദത്ത് എന്ന മാധ്യമപ്രതിഭയോടും എനിക്ക് താല്‍പര്യമായിരുന്നു.
പക്ഷേ, ഇരുവരും കോര്‍പറേറ്റ് ഇടനിലക്കാരി റാഡിയയുമായി നടത്തിയ ആ ടെലിഫോണ്‍സംഭാഷണം വീണ്ടും കേള്‍ക്കുമ്പോള്‍ എന്റെ മനസ്സ് മാറുന്നു. ഈ ബന്ധങ്ങളും നീളന്‍സംഭാഷണങ്ങളും മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നുവെന്നാണ് സാങ്‌വിയും ബര്‍ഖയും പ്രതികരിച്ചത്. അതു കേള്‍ക്കെ എനിക്ക് സഹതാപമാണ് തോന്നുന്നത്. ടെലികോം മന്ത്രിയായി എ. രാജ തന്നെ വരണമെന്ന് കലശലായി ആഗ്രഹിക്കുന്ന ഒരു പി.ആര്‍ ഏജന്റിനെയാണ് ഞാന്‍ ബര്‍ഖയില്‍ കേള്‍ക്കുന്നത്.അവിടെ എവിടെയാണ് ഈ പറയുന്ന ജേണലിസം? അതിലൂടെ പുറത്തു വന്ന വാര്‍ത്ത എവിടെ? എല്ലാ കോര്‍പറേറ്റ് വിവരങ്ങളും കോണ്‍ഗ്രസ്‌നേതൃത്വത്തെ അറിയിക്കുന്നതില്‍ ബര്‍ഖ കാണിക്കുന്ന മിടുക്ക് സമ്മതിക്കണം. തിരികെ, കോണ്‍ഗ്രസ്‌ക്യാമ്പിന്റെ പ്രതികരണം വള്ളിപുള്ളി വിടാതെ അവര്‍ കൈമാറുന്നുമുണ്ട്. നമ്മള്‍ അറിയുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ ഉള്ളടക്കത്തില്‍ ഇതൊന്നും വരുന്നില്ലെന്ന് പറയാന്‍ മാത്രമേ എനിക്കിപ്പോള്‍ കഴിയൂ.
ടെലികോം ഇടപാടില്‍ താല്‍പര്യമുള്ള വന്‍കിടകമ്പനികള്‍ക്കു വേണ്ടി പി.ആര്‍ ജോലികള്‍ നിര്‍വഹിക്കുന്ന ആള്‍ ഒരു വശത്ത്. പണം പറഞ്ഞുറപ്പിച്ച് തന്റെ ദൗത്യം നിര്‍വഹിക്കുകയാണ് റാഡിയ. എന്നാല്‍ അവര്‍ക്കു വേണ്ടി പാര്‍ട്ടികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ ഏതു മാധ്യമ ദൗത്യമാണ് ബര്‍ഖയും സിങ്‌വിയും നിര്‍വഹിക്കുന്നത്?
‘ഓപണ്‍’ മാഗസിന്‍ ടെലിഫോണ്‍ രേഖ പുറത്തു കൊണ്ടു വന്നപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കരുതി ആരും ഇതൊന്നും അറിയാന്‍ പോകുന്നില്ലെന്ന്. ബര്‍ഖയെയും സിങ്‌വിയെയും പ്രയാസത്തിലാക്കാന്‍ മിക്ക എഡിറ്റര്‍മാരും തയാറല്ല എന്നതാണ് സത്യം. എല്ലാ വന്‍കിട മാധ്യമസ്ഥാപനങ്ങള്‍ക്കും പലതും മറച്ചുപിടിക്കാനുണ്ട്. സഹജീവികളുടേതായാലും സ്വന്തം വീഴ്ചകള്‍ നാട്ടുകാരെ അറിയിക്കുന്നത് ശരിയല്ലെന്ന് കരുതുന്നവരാണ് മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അധികവും. രാഷ്ട്രീയക്കാരെ നിത്യം എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാമെന്നും ഇവര്‍ പറയുന്നു. സര്‍ക്കാറിനെ വേണമെങ്കില്‍ ഇവര്‍ എത്ര വേണമെങ്കിലും വിമര്‍ശിക്കാന്‍ തയാറാണ്. എന്നാല്‍ സമാന്തര ഭരണകൂടത്തേക്കാള്‍ ശക്തമായ ഇന്നത്തെ വന്‍കിട കോര്‍പറേറ്റുകളെ തെടാന്‍ ആര്‍ക്കും ധൈര്യമില്ല. കോര്‍പറേറ്റുകളുടെ ശരിയായ നിയന്ത്രണത്തിലാണ് പല മാധ്യമങ്ങളും. പരസ്യങ്ങള്‍ നല്‍കുന്ന അവരെ ഒരു നിലക്കും സ്‌പര്‍ശിക്കരുതെന്ന് എഡിറ്റര്‍മാരും മുതലാളിമാരും തീരുമാനിച്ചിരിക്കുന്നു.
പക്ഷേ, ഞങ്ങള്‍ മറ്റൊരു വഴി തെരഞ്ഞെടുക്കുകയാണ്. പണംകൊടുത്തു വാങ്ങുന്ന ഉപയോക്താവിന് ഏറ്റവും നല്ല ജേണലിസം പകരം നല്‍കാനുള്ള ശ്രമം. അതില്‍ എത്ര കണ്ട് മുന്നോട്ടുപോകാന്‍ കഴിയും? അറിയില്ല. എങ്കിലും ഞങ്ങള്‍ തളരില്ല.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s